Saturday, December 29, 2018

മൗനം

ഇരവിന്റെ താരാട്ടിൽ നാടെങ്ങും തലചായ്ച്ചുറങ്ങവേ ;
തീരാ മൺപാതയിലൂടെ നാം നടന്നു .
നമ്മിലെ ദീർഘ മൗനത്തിനു സാക്ഷിയായ്  കായൽ തീരവും ...

ഒന്നും മിണ്ടാതെ,
തമ്മിൽ നോക്കാതെ ,
കുളിരും നിലാവെട്ടത്തിൽ ,
ദിശയറിയാതെ ,
ലക്ഷ്യമായില്ലാതെ ,
നാം മാത്രമായ് അലയവെ...
നീ അറിഞ്ഞുവോ
എൻ  വിരൽ തുമ്പുകൾ നിൻ കൈവിരലുകളെ
നിരന്തരം ചുംബിച്ചതായി?
മൗനമായ് ഞാൻ  അവർത്തിച്ചേയിരുന്ന
എൻ പ്രണയം?

പ്രിയാ !നീയെൻ തീരാ കവിതയാണ് ,
നീ നിരസിച്ച പ്രണയം എൻ തീരാ വിങ്ങലും .

ആ രാവിൽ ഒന്നായ് നാം നടന്നു നീങ്ങവേ
എന്റെ മൗനത്തിൻറെ  ഈണവും താളവും നീ കേട്ടിരുന്നുവോ ?
കായലോളങ്ങളും  ,
സ്വച്ഛമാം ഓളത്തിലെ മീനുകളും,
പേരറിയാ  പക്ഷികളും,
ചീവീടുകളും,
എന്റെ തേങ്ങലിന് ഈണമേകിയതു നീ കേട്ടിരുന്നുവോ?

മറക്കില്ലൊരിക്കലും;
ആ മൺപാതയും ,
നിൻ വിരലുകളും,
ആ രാവും...

സുന്ദര സ്വപ്നം പോലെന്നും സൂക്ഷിക്കും ,
എൻ ഹൃത്തിലെന്നും....

നന്ദി ക്ഷണികമായെങ്കിലും
അന്നെനിക്കായ്‌ മൗനം പങ്കിട്ടതിന്...
©mazhathulli_

Saturday, April 1, 2017

പറയാതെ പോയത്...

മഴ ഒരു മാസ്മരികമായ അനുഭൂതിയാണ് . മഴ പെയ്തുതോർന്ന വീഥിയിലൂടെ നഗ്നപാദയായ് നടക്കുവേ വീശും കാറ്റിനൊപ്പം പുതുമണ്ണിന്റെ ഗന്ധം കാലാന്തരത്തിൽ മണ്മറഞ്ഞു പോയ ഓർമ്മകളുടെ വർണ്ണച്ചെപ്പുകൾ  പിന്നെയും മനസിലേക്ക് കൊണ്ടെത്തിക്കുന്നു . ഒരിക്കലും മറക്കാനാകാത്ത ചില വ്യക്തികൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ഓരോ വ്യക്തിയും നമ്മുടെ ജീവിതത്തിൽ വന്നു പോകുന്നത് ഓരോ അനുഭവങ്ങൾ നൽകിയാണ്  .ചിലർ അവരുടെ പ്രവൃത്തിയിലൂടെ,ചിലർ അവരുടെ സംസാരത്തിലൂടെ മറ്റു ചിലർ മൗനത്തിലൂടെയും നമ്മളെ തന്നെ മാറ്റി മറയ്ക്കുന്ന ഒട്ടേറെ സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട് നമുക്കായ് വന്നവർ എന്നു തോന്നിപ്പോയേക്കാവുന്ന  എന്നാൽ ഒരു വാക്ക് പോലും മിണ്ടാതിരുന്ന സൗഹൃദങ്ങൾക്കും അപ്പുറം ഉള്ള വ്യക്തികൾ.
നാളുകൾക്കു മുൻപ്  എന്റെ കലാലയ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ ആ വ്യക്തി...അയാളെ  പറ്റി  അധികം ഒന്നും എനിക്ക് അറിയില്ല..പക്ഷെ ഒന്നറിയാം അയാൾ കാരണം എന്നിൽ ഉണ്ടായമാറ്റങ്ങൾ അവിസ്മരണീയം തന്നെയായിരുന്നു . സ്കൂൾ കാലഘട്ടത്തിനു ശേഷം കൗമാരത്തിന്റെ കൗതുകവും ആകാംഷയും പേറിയാണ് എന്റെ ആദ്യ കലാലയനാളുകൾ ഞാൻ ജീവിച്ചത് .കേവലം ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നതിലുപരി 170 ലേറെ പഴക്കം ചെന്ന ആ കലാലയത്തിൽ ഒട്ടേറെ നിഗൂഢതകളും സ്വപ്നങ്ങളും ഓർമ്മകളും രഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു ഓരോ കാലടികളും നോട്ടവും പുതുമ തേടിയുള്ള അലച്ചിലായിരുന്നു.
ഒന്നാം വർഷം ഞാൻ ചേർന്ന ദിവസം ഞങ്ങളെ സഹായിക്കാനായി വന്ന സീനിയർസ് വിദ്യാർത്ഥികളിൽ തികച്ചും ശാന്തനായ കാണപ്പെട്ട ഒരാളുണ്ടായിരുന്നു.ആദ്യ കാഴ്ച്ചയിൽ തന്നെ കുറച്ചു നേരം എന്തോ കൊണ്ടോ അത്ഭുതത്തിൽ ഞാൻ നോക്കി നിന്നു .പിന്നീട പല അവസരങ്ങളിലും ഞാൻ അയാളെ ശ്രദ്ധിച്ചു.വിദ്യാർത്ഥികൾക്കിടയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു അയാൾ എന്ന്  പിന്നീട്  ഞാൻ അറിഞ്ഞു.പക്ഷെ ഒരു തവണ പോലും ഞങ്ങൾ സംസാരിച്ചിട്ടില്ല എങ്കിലും ഓരോ തവണ കാണുമ്പോഴും ഒരു ചെറു പുഞ്ചിരിയുമായി അയാൾ കടന്നു പോയിരുന്നു.അയാളെ പറ്റി അറിയാൻ എന്തോ എന്റെ മനസ്സ് ഇടക്കൊക്കെ ആഗ്രഹിച്ചു . പക്ഷെ അയാളുടെ പേരെന്തെന്നു പോലും അറിയാൻ എനിക്ക് സാധിച്ചില്ല . അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഒരു കൊച്ചു പെൺകുട്ടി ഞങ്ങൾ കൂട്ടുകാരുടെ ഇടയിലേക്ക് ഓടി വന്നത്.അവൾ തേടി വന്നത് അയാളെ ആയിരുന്നു എന്നും അവളുടെ അമ്മയുടെ ചികിത്സയ്ക്കായി സഹായിക്കാം എന്നു അയാൾ പറഞ്ഞിരുന്നുവത്രെ .മുഷിഞ്ഞ വസ്ത്രം ആയിരുന്നു അവൾ ധരിച്ചത് എങ്കിലും അവളുടെ മുഖത്തിനു ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു . അയാൾ ഉടനെ അവിടെ എത്തി അവളെ പുറത്തേക്കു കൂട്ടികൊണ്ടു പോയ് .പിന്നീട് നാളുകൾക്കു ശേഷം ആ പെൺകുട്ടിയെ ഞാൻ വഴിയരികിൽ വെച്ച് കണ്ടു .നല്ല ഭംഗിയുള്ള ഉടുപ്പൊക്കെ  ധരിച്ചു കൊണ്ട് ചിരിച്ചു കൊണ്ട് അവൾ എന്റെ അടുത്തേക്ക് "ചേച്ചി..." എന്ന വിളിച്ചു കൊണ്ട് ഓടി വന്നു,അവൾ പറഞ്ഞാണ് ഞാൻ അറിഞ്ഞത് അമ്മയ്ക്ക് ഓപ്പറേഷൻ ചെയ്തു എങ്കിലും സുഖപ്പെടുത്താനായില്ല , മരിച്ചു പോയി എന്നും ഇപ്പോൾ അവൾ അയാളുടെ വീട്ടിലെ ഒരംഗത്തെ പോലെ ജീവിക്കുകയാണെന്നും സ്കൂളിൽ ചേർന്നു എന്നുമെല്ലാം . ഒരു നിമിഷം അറിയാതെ എന്റെ കണ്ണ് നിറഞ്ഞുപോയി അത് കേട്ട നേരം . പിന്നീട് അവളെ ഞാൻ കണ്ടിട്ടില്ല. അന്നാണ് ആ വ്യക്തിയുടെ മഹത്വം ഞാൻ തിരിച്ചറിഞ്ഞതും അയാളെ പറ്റി അന്വേഷിക്കാൻ ഞാൻ കൂടുതൽ ശ്രമിച്ചതും .പിന്നീട് അയാളെ അവസാനമായി ഞാൻ കാണുന്നത് ഒരു വൈകുന്നേരമായിരുന്നു.കോളേജ്ന്റെ നടുക്ക് ഒരു മരത്തിനു കീഴിൽ വിഷാദനായി അയാൾ നില്കുന്നത് കണ്ടു ഞാൻ മെല്ലെ അങ്ങോട്ട് നടന്നു.പക്ഷെ വന്നടുത്തു നിന്നത് അറിഞ്ഞ ഭാവം അയാളുടെ മുഖത്ത് ഞാൻ കണ്ടില്ല.മെല്ലെ ഞാൻ ചോദിച്ചു "എന്തു പറ്റി?"  ഒന്നും മിണ്ടാതെ മെല്ലെ മുഖം ഉയർത്തി അയാൾ നിരാശ നിറഞ്ഞ ഒരു നോട്ടം എന്നെ നോക്കി. എന്തോ പറയാൻ അയാളുടെ ചുണ്ടുകൾ വെമ്പുന്നതു ഞാൻ അറിഞ്ഞു പക്ഷെ ഒന്നും മിണ്ടാതെ മെല്ലെ അയാൾ എന്റെ അടുത്ത നിന്നും നടന്നകന്നു പോയി. എന്താണ് അയാൾ പറയാൻ  ബാക്കി വെച്ച് പോയത് എന്ന് . പിന്നീട അയാളെ  ഞാൻ കണ്ടിട്ടിലാ. കാലങ്ങൾക്കു ശേഷം ആരോ പറഞ്ഞു കേട്ട് ഒരു കയർത്തുമ്പിൽ അയാൾ ജീവൻ ഒടുക്കിയെന്നു ,പക്ഷേ എന്തിന് എന്ന് ആർക്കും അറിയില്ല . 


Friday, March 31, 2017

ചിരഞ്ജീവിത്വം 
അനിർവചനീയമായ ആനന്ദമാണിവിടെ, 
കണ്ണീരും പുഞ്ചിരിയും 
രാവും പകലും 
കാപട്യവും നിഷ്കളങ്കതയും 
രൂപ നിറ വ്യത്യാസങ്ങളുമില്ലാത്ത 
പ്രശാന്ത ലോകം .
എന്റേതെന്നു ഞാനാഹങ്കരിച്ചവയൊന്നുമില്ലിന്ന് ,
എൻ  രൂപവും 
പേരും വികാരവും 
എനിക്ക് അന്യമായ്തീർന്നിരിക്കുന്നു 
ആഴിയിൽ നിന്നും കാലമെറിഞ്ഞിട്ട മത്സ്യത്തെപ്പോലെ ബന്ധനങ്ങളിൽനിന്നുമുരുവാർന്നിവിടെ നിൽക്കുന്നു ഞാൻ 
സ്വതന്ത്രനായി...
അവനിയിലിന്നു ഞാനെന്ന മനുഷ്യനില്ല 
നിലനില്പതെന്നോർമ്മകളും
സ്വപ്നങ്ങളും ,
അവയെ പേറിക്കൊണ്ടിരിപ്പൂ എൻ പ്രിയരും നിറമിഴയോടെ .
എന്നാൽ പതിക്കപെട്ട ഒപ്പുകളും ഓർമ്മകളും 
ചരിത്ര താഴുകളിൽ 
എൻ നിശ്വാസത്തിൻ ഊഷ്മളതയെറ്റുറങ്ങുന്നു. 
അനശ്വരമെന്നോർത്തുപോയവയെല്ലാം ഇന്ന് നശ്വരങ്ങളായിത്തീർന്നിരിക്കുന്നു ;
ശാശ്വത സമാധാനമാവശേഷിപ്പിച്ചു .
വാക്കുകൾക്കതീതമായ സ്വാതന്ത്രമുണ്ടിവിടിന്നു 
ബന്ധങ്ങളുടെയും ഭയത്തിന്റെയും തടസങ്ങളില്ലിവിടെ
സുദീപ്തമായ പ്രകാശം മാത്രം ,
അടർന്നു വീഴുന്ന ഓരോ മഴത്തുള്ളിയിലും 
അരുണരശ്മിയിലും 
അണുക്കളിലും ഞാനിന്നെന്നെ അറിയുന്നു .
ദ്വൈതങ്ങളില്ലാത്തൊരീ ലോകത്ത് 
നശ്വരജീവിതത്തിൽ ശേഷിപ്പിച്ച സംഭാഷങ്ങളുടെയും 
സ്വപ്നങ്ങളുടെയും ഓർമ്മയിൽ നിന്നും പിൻവാങ്ങി 
അനശ്വരതയുടെ ആനന്ദത്തിൽ ഇന്നുഞാനലിയുന്നു .

Thursday, March 30, 2017

മുറിവ്
മുറിവേറ്റൊരെൻ ഹൃദയത്തിൻ 
സ്വപ്നങ്ങളെ 
പിന്നെയും പിന്നെയും നിൻ മൗനം നോവിക്കുന്നു .
ഭ്രാന്തമാം സ്വപ്നമെന്നു 
നീ വിശേഷിപ്പിച്ചോ-
രെൻ  മോഹങ്ങളെന്നും 
നിൻ ഓർമ്മകളിൽ 
വിലപിക്കാറുണ്ട് .
എന്തെ നീ കേൾക്കാതെ പോകുന്നു 
എൻ  ഹൃദയത്തിൻ തേങ്ങൽ ;
നിന്നെ സ്നേഹിച്ചതിത്രമേൽ അപരാധമോ ?
പൂത്തുലഞ്ഞ വാകപ്പൂവിലും 
വീണുടഞ്ഞ മഞ്ചാടിമണികളിലും 
നീലാകാശത്തിലും
ഞാൻ കണ്ടത് 
നിന്നെ മാത്രമാണ് .
എന്നും എൻ കനവിലും കണ്മുന്നിലും...
നീ പിഴുതെറിഞ്ഞെങ്കിലും 
അതിൻ മുറിവിന്നും ഉണങ്ങാതെ ശേഷിക്കുന്നു ,
നിന്റെ ഓരോ മൗനത്തിലും നോവേറ്റുകൊണ്ടേയിരിക്കുന്നു .

Friday, December 5, 2014

ഏകാന്തത 

ഇരുട്ടാണിവിടെ  ഇരുട്ട്
ഏകാന്തത ഭയപ്പെടുത്തുന്ന ഏകാന്തത
ഞാൻ പോരുത്തപ്പെട്ടു
ഈ ഇരുട്ടുമായും  എകന്തതയുമായും
എണ്ണമില്ലാത്ത നീണ്ട നാളുകളായ്  ഈ നാലു ചുവരുകൾക്കിടയിൽ ഒറ്റയ്ക്ക് ...


പ്രഭാതത്തിന്റെ ഏഴ് മനോഹര
വർണ്ണങ്ങളാൽ നീ എനിക്കേകിയ പ്രണയം
നിനക്കായ്‌ നല്കി  ഞാൻ എന്ന ഹൃദയം ,നല്കി
നീ ഒരിക്കലും പിരിയില്ലെന്ന വാക്കും
നിൻ സ്നേഹത്തിൽ വിശ്വസിച്ച് ഞാനും 



അന്ധയായി ഞാൻ നിന്നെ സ്നേഹിക്കുമ്പോൾ
പ്രണയപൂർവം ഞാൻ നിന്റേതായ  നിമിഷങ്ങളെ
നീ തച്ചുടയുക്കുമെന്ന് ,ഞാൻ ആറിഞ്ഞില്ല
ആ മനോഹര സങ്കല്പത്തെ നീ നശിപ്പിക്കുമെന്ന് 



ഇന്റർനെറ്റിന്റെ  യൗട്യൂബ്  ജാലകങ്ങളിൽ
നീയെന്നെ ഇല്ലാതാക്കിയപ്പോഴും
എന്റെ സ്ത്രീത്വത്തിനു നീ വിലപറഞ്ഞപ്പോഴും
നിന്നെ വെറുക്കാൻ എനിക്ക് സാധിച്ചില്ല



അന്ന്,ആ ഇരുണ്ട ദിനങ്ങളുടെ
യാദനകളുടെ തീയിൽ
ഞാൻ ഇന്നും ഈ മുറിക്കുള്ളിൽ
വേന്തുവെണ്ണീറാകുന്നു 

നീ നശിപ്പിച്ച പ്രണയം
എന്ന സുന്ദര ലോകത്തെ,
മാപ്പ് പറഞ്ഞാലും തീരാത്ത  നിന്റെ മൃഗീയതയെ
സ്മരിച്ചു കൊണ്ട്
ഈ സെല്ലിനുള്ളിൽ ഏകയായി ഞാൻ...


Wednesday, October 8, 2014

ഗാസയിലെ കുുഞ്ഞുങ്ങൾ



പൂക്കളുടെ വർണ്ണങ്ങളും കളിപ്പാട്ടവും കൊതിക്കുന്ന ബാല്യത്തിൽ അവർക്ക് ലഭിച്ചത് അനാഥത്വത്തിന്റെയും മരണത്തിന്റെയും നിലവിളികളാണ്.ഇസ്രായേലിന്റെയും ഹമാസിന്റെയും യുദ്ധത്തിന്  ഇരകളായിതീർന്ന രണ്ടായിരത്തോളം ആളുകളിൽ നാനൂറിലേറെയും കുട്ടികളായിരുന്നു.


ആയിരത്തോളം ബാല്യങ്ങൾ മാനസികമായ്  മാറ്റാനാകാത്തവിധം ആ പിഞ്ചു മനസ്സുകളിൽ ആഴത്തിൽ മുറിവേൽക്കുകയുണ്ടായ്.അവർക്ക്  മാതാപിതാക്കളും , വീടും, സ്കൂളും  നഷ്ടപ്പെട്ടു .കണ്മുന്നിൽ വീണുകിടക്കുന്ന കൂടപിറപ്പുകളുടെ ജഡവും നോക്കി കണ്ണീർ  വാർക്കാനേ  അവർക്ക്  സാധിച്ചുള്ളൂ.. ഭീകരതയ്ക്ക് മുന്നിൽ  പകച്ചു നിൽക്കുകയാണ്‌ അവരുടെ   കാലുകൾ  . ഇനി എന്ത് ചെയ്യും എന്നറിയാതെ ഭയന്ന കണ്ണുകളുമായി ഇന്നും ആരുടെയൊക്കെയോ  ദാക്ഷിണിയത്തിൽ  ജീവിച്ചു തീർക്കേണ്ടി  വരികയാണ്‌ ഈ  കുഞ്ഞുമനസ്സുകൾ .


യുദ്ധത്തിന്റെ ഇരകളായ് തീർന്ന ഇവരാണ്  മറ്റാരെക്കാളും അതിന്റെ ഭീകരത അനുഭവിക്കുന്നത് . നിലയ്ക്കാത്ത  വെടിയൊച്ചയും ബോംബ്‌ സ്ഫോടനവും കേൾക്കേണ്ടി വരുന്ന  ബാല്യം. സ്വയരക്ഷയ്ക്കായ്‌ മാരക വസ്തുക്കൾ  അവർ കൈകാര്യം ചെയ്യേണ്ടി വരുന്നു.ഭയമില്ലാതെ സുരക്ഷിതമായ്‌ ജീവിക്കാനുള്ള സ്വതന്ത്രം പോലും അവർക്ക്  നഷ്ടമായ് .അറിവിന്റെ അക്ഷരമുറ്റങ്ങൾ  സ്ഫോടകവസ്ടുക്കളുടെ യുദ്ധക്കളമായി  മാറി. 


                                                              ആ പിഞ്ചു മനസുകൾ ഇന്നും ലോകത്തോട്‌ ചോദിയ്ക്കാൻ ആഗ്രഹിക്കുന്നു, എന്തിനു കുറെ പേർ  കൊല്ലപ്പെട്ടു?എന്തിനു ഭവനങ്ങൾ  നഷ്ടപ്പെടുത്തി?ഇനിയുള്ള ജീവിതം,ഇരുട്ടിൽ ,ഉറ്റവരില്ലാതെ കണ്ണീരുമായി  തീർക്കേണ്ടി  വരും അവർക്ക് .ഏതു  നിമിഷവും നഷ്ടപ്പെട്ടേക്കാവുന്ന  ശേഷിക്കുന്ന ഇത്തിരി ജീവൻ  സംരക്ഷിക്കാൻ  അവർക്കും  ഉണ്ട് ഒരു തോക്കോ ബോംബോ, ജീവിതത്തിൽ തനിച്ചായ അവർ  ഇനി എന്ത് ചെയ്യും എന്നറിയാതെ നമ്മെ ഉറ്റു നോക്കുന്നു അവരുടെ  കൊച്ചു കണ്ണുകൾ .ആരൊക്കെയോ നഷ്ടപെടുത്തിയ അവരുടെ അച്ഛനും സഹോദരങ്ങൾക്കും  വേണ്ടി കരയാൻ പോലും സാധിക്കാതെ ഉറഞ്ഞു  പോയ കണ്ണുകൾ  മാത്രമാണ് ഇന്ന് ഈ യുദ്ധത്തിന്റെ ഇരകൾക്ക് കൈമുതൽ.



                                                           സ്വന്തം സഹോദരന്റെ , മാതാപിതാകളുടെ,ഉറ്റവരുടെ  ജീവനുവേണ്ടി തന്റെ ശരീരത്തിലെ വ്രണങ്ങൾക്കും  വേണ്ടി കരഞ്ഞു തീർക്കുകയാണ്‌   അവരുടെ ജീവിതം . യുദ്ധത്തിന്റെ ഫലമായി  വന്ന ഈ കണ്ണീരിന്  എങ്ങനെയാണു ഒരവസാനം കുറിക്കുക?കാലത്തിനു പോലും മായ്ക്കാൻ  പറ്റാത്ത വിധം അവർക്ക്  അവരുടെ ജീവിതം നഷ്ടമായ്ക്കഴിഞ്ഞു .                   


                             മനുഷ്യന്റെ മൗലിക, അടിസ്ഥാന ആവശ്യങ്ങൾ അവർക്കിന്നു  അന്യമാകുന്നു.ഒരിറ്റു ദാഹജലത്തിനായ് അവർ കൈനീട്ടി  അലയുന്നു.വിശപ്പിന്റെ കാഠിന്യം മറന്നു യുദ്ധഭീതിയിൽ ദിനരാത്രങ്ങൾ അവർക്ക്  തള്ളിനീകേണ്ടി വരുന്നു.വിശക്കുനവന്റെ മുന്നിൽ  ആഹാരമാണ് ആവശ്യം.ആഹാരമാണ് വിശപ്പിന്റെ ഈശ്വരൻ,മറ്റൊന്നും അതിനു പകരമാകില്ല..കീറിത്തുടങ്ങിയ വസ്ത്രങ്ങളുമായ് ഒരു ഭിക്ഷാടനെപ്പോലെ  പൊട്ടി ഒലിക്കുന്ന മുറിവുകളുമായ് ആ പിഞ്ചുമനസ്സുകൾ  തെരുവിൽ  അലയുന്നു.സ്വജീവൻ  നിലനിർത്താൻ  നമുക്ക് മുന്നിൽ  കേഴുന്നു . ഒന്ന് ചെവിയോർത്താൽ  നമുക്കും കേൾക്കാനാകും ആ നിലവിളി.വിശപ്പിന്റെയും ദാഹത്തിന്റെയും കഠിന്ന്യത്തിൽ  ദിനരാത്രങ്ങൾ തള്ളിനീക്കേണ്ടിവരുന്ന ബാല്യങ്ങൾ.      


                                           മനുഷ്യന്റെ ഭൗതികമായ മൽപ്പിടിത്തത്തിന്റെ  ഫലമായി  നഷ്ടപ്പെടുത്തിയത്  വരും തലമുറയുടെ സമാധാനമായ ജീവിതമാണ്‌.കളിപ്പാട്ടത്തിനും  കൂട്ടുകാർക്കും പകരം അവർ തോക്കും ബോംബും   കൈകാര്യം ചെയ്യുന്നു.ബാല്യത്തിന്റെ മധുര്യത്തിനു പകരം അവർക്ക്  ലഭിച്ചത് ദുരന്തത്തിന്റെ കയ്പ്പുനീരാണ് .ഈ മനസുകൾക്ക്  ആശ്വാസം പകരാൻ എന്താണ് ചെയ്യാനാകുക? ഒരു കുഞ്ഞിനു ലഭിക്കേണ്ടാതായ എല്ലാ അവകാശവും അവർക്ക്  നഷ്ടപ്പെട്ടിരികുന്നു.സുരക്ഷിതവും സമാധാന പൂർണ്ണവും ആരോഗ്യമുള്ള ചുറ്റുപാടിനും  പകരം അവർ ഇന്ന്  അനുഭവിക്കുനത് ഇരുട്ടിന്റെ ഭീകരതയും വെടിയൊച്ചകളും കാത്തിരിക്കുന്ന രക്തചൊരിച്ചിലുകളുമാണ് .


                                എല്ലാ കുട്ടികൾക്കും സുരക്ഷിതവും ആരോഗ്യ പൂർണ്ണവും വിദ്യാഭായാസത്തോടു  കൂടിയ ജീവിതത്തിന്  അർഹതയുണ്ട്  .അക്രമത്തിൽ നിന്നും മോചിതമായ ബല്യമാണ് അവർക്ക്  വേണ്ടത്  ആക്രമത്തിൽ നിന്നും അവരെ രക്ഷികെണ്ടതുണ്ട്.ചരിത്രത്തിൽ  എന്നും  യുദ്ധം കുരുന്നുകളുടെ കണ്ണീരാണ്  കണ്ടിരിക്കുനത്. കാലങ്ങള്ക്ക് ശേഷം ലോകം ഇവരെ മറക്കുമ്പോഴും അവരുടെ കണ്ണീർ  അന്നും നിലനില്കും പാതി നഷ്‌ടമായ ജീവനുമയ് അന്നും ഇവര ലോകത്തോട്‌  കേഴും ഇനിയും  യുദ്ധം അരുതേ എന്നാ മനസുകൾ ലോകത്തോട്‌ പറയുന്നു .        

                                        കാറ്റ് വിതച്ച്  കൊടുംകാറ്റ്  കൊയ്യുന്ന യുദ്ധ വെറി  പൂണ്ട കച്ചവടക്കണ്ണുളള  രാഷ്ട്രീയ നേതാകൾക്ക് ഈ കണ്ണീരിനോട് എന്താണ് പറയാനാകുക?ഈ മനസുകളുടെ നഷ്ടം ഇവർക്ക്  എങ്ങനെ നികത്താനാകും?ലോകമനസാക്ഷിക്കു മുന്നിൽ ആഹ്ലാദപൂണ്ണമായ  ബാല്യം നഷ്ടപെട്ട ഈ കുരുന്നുകൾ  ഒരു ചോദ്യ ചിഹ്ന്നമായി   മാറുകയാണ്‌.ഈ മനസുകളെ വേദനിപ്പിച്ചതല്ലാതെ ഈ നേതാക്കൾക്ക് എന്ത് നേട്ടമാണ് ഈ യുദ്ധം വഴിയൊരുക്കിയത് ?

Sunday, October 5, 2014

അമ്മ 

രണ്ടക്ഷരങ്ങളിൽ  അനന്തമായ് നാനവർണങ്ങളിൽ ജ്ഞാനത്തിലേക്ക്  വിളക്കായ്  

സത്യത്തിൻ കൈത്താങ്ങായി  

വാത്സല്യത്തിൻ പര്യായമായി 

സ്നേഹത്തിന്റെ കൂട്ടായി 

ത്യാഗത്തിന്റെ നേർചിത്രമായി  

കരുണതൻ നദിയാം  അനശ്വര സത്യം....